തെയ്യങ്ങളിലൂടെ 29
അജിത് പുത്തൻപുരയിൽ
പരേതാത്മാക്കള്‍:
മരണാനന്തരം മനുഷ്യര്‍ ചിലപ്പോള്‍ ദൈവമായി മാറുമെന്ന വിശ്വാസം കാരണം പൂര്‍വികാരാധന, പരേതാരാധന, വീരാരാധന എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി അത്തരം തെയ്യങ്ങള്‍ കെട്ടിയാടുന്ന പതിവുണ്ട്. കതിവന്നൂര്‍ വീരന്‍, കുടിവീരന്‍, പടവീരന്‍, കരിന്തിരി നായര്‍, മുരിക്കഞ്ചേരി കേളു, തച്ചോളി ഒതേനന്‍, പയ്യമ്പള്ളി ചന്തു തുടങ്ങിയവര്‍ വീര പരാക്രമ സങ്കല്‍പ്പത്തിലുള്ള തെയ്യങ്ങളാണ്.
ഒതേനന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=XwaRJzpRAj4
കടപ്പാട്: ബെന്നി കെ. അഞ്ചരക്കണ്ടി
പരേതരായ വീര വനിതകളും തെയ്യമായി മാറിയതാണ് മാക്കഭഗവതി (മാക്കപോതി), മനയില്‍ ഭഗവതി, തോട്ടുംകര ഭഗവതി, മുച്ചിലോട്ട് ഭഗവതി, വണ്ണാത്തി ഭഗവതി, കാപ്പാളത്തി ചാമുണ്ഡി, മാണിക്കഭഗവതി എന്നിവര്‍ ഇത്തരം തെയ്യങ്ങളാണ്.
മന്ത്രവാദത്തിലും വൈദ്യത്തിലും മുഴുകിയവരുടെ പേരിലുള്ള തെയ്യങ്ങളാണ് കുരിക്കള്‍ തെയ്യം, പൊന്ന്വന്‍ തൊണ്ടച്ചന്‍, വിഷകണ്ടന്‍ എന്നീ തെയ്യങ്ങള്‍.
ദൈവ ഭക്തനും കോമരങ്ങളുമായിരുന്നവരുടെ പേരിലുള്ള തെയ്യങ്ങളാണ് മുന്നായീശ്വരന്‍, വാലന്തായിക്കണ്ണന്‍ എന്നീ തെയ്യങ്ങള്‍.
ദുര്‍മൃതിയടഞ്ഞ മനുഷ്യരുടെ പേരിലുള്ള തെയ്യങ്ങളാണ് കണ്ടനാര്‍ കേളന്‍, പെരുമ്പുഴയച്ചന്‍ തെയ്യം, പൊന്‍മലക്കാരന്‍, കമ്മാരന്‍ തെയ്യം, പെരിയാട്ട് കണ്ടന്‍, മല വീരന്‍ തുടങ്ങിയ തെയ്യങ്ങള്‍. പാമ്പ് കടിയേറ്റ് തീയില്‍ വീണ് മരിച്ച കേളനെ വയനാട്ടുകുലവന്‍ ആണ് ദൈവക്കരുവാക്കി മാറ്റിയത്. കിഴക്കന്‍ പെരുമാളുടെ കോപം കൊണ്ട് പെരിയ പിഴച്ചു പെരുമ്പുഴയില്‍ വീണു മരിച്ച ഒരാളുടെ സങ്കല്പ്പിച്ചുള്ള തെയ്യമാണ് പെരുമ്പുഴയച്ചന്‍ തെയ്യം. തൂപ്പൊടിച്ചു നായാട്ടിനും നഞ്ചിട്ടു നായാട്ടിനും പോയി മടങ്ങി വരാതിരുന്ന രണ്ടു കാരണവന്‍മാരെ പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളാണ് പൊന്‍മലക്കാരന്‍ തെയ്യവും, കമ്മാരന്‍ തെയ്യവും. ഐതിഹ്യ പ്രകാരം ഭദ്രകാളിയാല്‍ കൊല്ലപ്പെട്ട ചിണ്ടനെ മലവീരന്‍ തെയ്യമായി കെട്ടിയാടിക്കുന്നു. പുതിയ ഭഗവതിയാല്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന ‘ചാത്തിര’നാണ് ‘പാടാര്‍ കുളങ്ങര വീരന്‍’ എന്ന തെയ്യമായത്. മണത്തണ ഭാഗവതിയാല്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന ഒരാളുടെ പേരിലുള്ള തെയ്യമാണ് ‘ഉതിരപാലന്‍’ തെയ്യം.
കതിവന്നൂര്‍ വീരൻ അഥവാ മന്ദപ്പന്‍ :
കണ്ണൂര്‍ ജില്ലയിലെ കണ്ണൂരിനും തളിപ്പറമ്പിനുമിടയിലെ മാങ്ങാട്ട് നിവാസി മന്ദപ്പന്‍ എന്ന തീയ്യ സമുദായത്തില്‍പ്പെട്ട ആളാണ് പില്‍ക്കാലത്ത് ദൈവിക പരിവേഷം കിട്ടുകയും തെയ്യമായി കെട്ടിയാടപ്പെടുകയും ചെയ്യുന്ന കതിവന്നൂര്‍ വീരന്‍. കേരളത്തിന്റെയും കര്‍ണ്ണാടകത്തിന്റെയും അതിര്‍ത്തിപ്രദേശത്ത് കൂര്‍ഗിനടുത്തുള്ള സ്ഥലമാണ് കതിവന്നൂര്‍.
മന്ദപ്പന്‍ തന്റെ അമ്മാവന്‍ താമസിക്കുന്ന ഇവിടെയാണ് വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടശേഷം എത്തിചേര്‍ന്നത്.
ചുഴലി ഭഗവതിയുടെ അനുഗ്രഹം കൊണ്ട് മാങ്ങാട്ട് മേത്തളിയില്ലത്ത് കുമാരച്ചന്റെയും പരക്കയില്ലത്ത് ചക്കിയമ്മയുടെയും മകനായി ജനിച്ചവനാണ് മന്ദപ്പന്‍. കൂട്ടുകാരുടെ കൂടെ പ്രായമേറെയായിട്ടും യാതൊരു ജോലിയും ചെയ്യാതെ നായാടി സമയം കളഞ്ഞ മന്ദപ്പന്റെ വികൃതികള്‍ നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും ഒരു പോലെ ദുസ്സഹമായപ്പോള്‍ കുമാരച്ചന്‍ അവനു ചോറും പാലും കൊടുക്കരുതെന്ന് വീട്ടുകാരിയെ വിലക്കി. എന്നാല്‍ രഹസ്യമായി അമ്മ ചോറ് കൊടുക്കുന്നത് കണ്ട അച്ഛന്‍ ദ്വേഷ്യം കൊണ്ട് അവന്റെ വില്ലു ചവിട്ടി ഒടിച്ചു.
അങ്ങിനെ വീട് വിട്ടിറങ്ങിയ മന്ദപ്പന്‍ കുടകിലെ മലയിലേക്ക് കച്ചവടത്തിനു പോകുന്ന ചങ്ങാതിമാരോടൊപ്പം പോകാനൊരുങ്ങി. അവര്‍ അവനെ ഒറ്റകാഞ്ഞിരം തട്ടില്‍ വെച്ച് മദ്യം കൊടുത്ത് മയക്കി കിടത്തി കൂട്ടാതെ സ്ഥലം വിട്ടു. ഉറക്കമുണര്‍ന്ന മന്ദപ്പന്‍ ഇനി മറിഞ്ഞു മാങ്ങാട്ടെക്കില്ലെന്നു പറഞ്ഞു തനിച്ചു കുടകിലേക്ക് യാത്രയായി വഴിക്ക് വെച്ച് ചങ്ങാതിമാരെ കണ്ടെങ്കിലും അവരുമായി കൂടാതെ നേരെ കതിവന്നൂരില്‍ അമ്മാവന്റെ വീട്ടിലേക്ക് പോയി. അവിടെ വച്ച് അമ്മാവന്റെ നിര്‍ദ്ദേശ പ്രകാരം ആയോധന മുറകള്‍ കളരിയിലടക്കം പോയി പഠിച്ചു പിന്നീട് മന്ദപ്പന്‍ എണ്ണ കച്ചവടം തുടങ്ങി. അമ്മാവന്റെ സ്വത്തില്‍ പാതിയും അവനു കിട്ടി. ഇതിനിടയില്‍ വെളാര്‍കോട്ട് ചെമ്മരത്തി എന്ന പെണ്ണിനെ കണ്ടു മുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. ഭാര്യാഗൃഹത്തില്‍ താമസവും തുടങ്ങി.
പലപ്പോഴും വൈകിയെത്താറുള്ള മന്ദപ്പനുമായി ചെമ്മരത്തി പിണങ്ങുക പതിവായിരുന്നു. അങ്ങിനെയിരിക്കെ കുടകില്‍ പോര് തുടങ്ങി. ധൈര്യവും കരുത്തുമുള്ള പുരുഷന്മാര്‍ പോരിനിറങ്ങുക പതിവാണ് എന്നാല്‍ മന്ദപ്പന്‍ പോരിനു പോയാല്‍ തോല്‍ക്കുമെന്ന് പറഞ്ഞ് ചെമ്മരത്തി മന്ദപ്പനെ കളിയാക്കി. ഭാര്യയുടെ കളിയാക്കലില്‍ വാശി തോന്നിയ മന്ദപ്പന്‍ പോരിന് പോകുകയും യുദ്ധം ജയിക്കുകയും ചെയ്തു. വിജയിയായ മന്ദപ്പനെ എല്ലാവരും വാഴ്ത്തി.
ഇതില്‍ അല്‍പ്പം വിത്യസ്തമായ ഒരു ഭാഷ്യം ഇതാണ്. പൊതുവേ ജോലി ചെയ്യാന്‍ മടിയനായ മന്ദപ്പനോടു ചെമ്മരത്തിക്ക് നീരസം ഉണ്ടായി. ഒരിക്കല്‍ എണ്ണയാട്ടാന്‍ അങ്ങാടിയിലേക്ക് വിട്ട മന്ദപ്പന്‍ വിശന്നു വലഞ്ഞു വരാന്‍ താമസിച്ചതില്‍ കോപം പൂണ്ട് ഇത് വരെ എവിടെയായിരുന്നുവെന്നും ഏതു പെണ്ണിന്റെ കൂടെയായിരുന്നുവെന്നും ചോദിച്ചു പ്രകോപിച്ചുവെങ്കിലും കലഹം വേണ്ടാന്ന് കരുതി മന്ദപ്പന്‍ മിണ്ടാതിരുന്നു. ചോറ് കഴിക്കുമ്പോള്‍ ആദ്യത്തെ ഉരുളയില്‍ തന്നെ നീളമുള്ള ഒരു തലമുടി കിട്ടിയെങ്കിലും മന്ദപ്പന്‍ ഒന്നും പറഞ്ഞില്ല. രണ്ടാമത്തെ ഉരുള വാരുമ്പോഴാണ് യുദ്ധത്തിന്റെ കാഹളം കേട്ടത്. അതിനാല്‍ ഉടന്‍ തന്നെ എഴുന്നേറ്റ് യുദ്ധത്തിനു പോകാനായി പുറത്തേക്കിറങ്ങുമ്പോള്‍ നെറ്റി പടിവാതില്‍ക്കല്‍ തട്ടി ചോര വന്നു. ഇത് കണ്ട ചെമ്മരത്തി പടയ്ക്കിറങ്ങുമ്പോള്‍ ചോര കണ്ടാല്‍ മരണം ഉറപ്പു എന്ന് പറഞ്ഞു. എന്നിട്ടും മന്ദപ്പന്‍ ഒന്നും പറയാന്‍ മിനക്കെട്ടില്ല. അപ്പോളും അവള്‍ തന്റെ സംസാരം തുടര്‍ന്ന്‍ കൊണ്ടേയിരുന്നു... ആറു മുറിഞ്ഞു അറുപത്താറു ഖന്ധമാകും, നൂറു മുറിഞ്ഞു നൂറ്റെട്ട് തുണ്ടാമാകും കണ്ട കൈതമേലും മുണ്ട മേലും മേനി വാരിയെറിയും കുടകന് തുടങ്ങി ശാപ വാക്കുകള്‍ അവള്‍ ഉരുവിട്ട് കൊണ്ടിരുന്നു. നീ പറഞ്ഞതെല്ലാം സത്യമാകട്ടെ എന്നും പറഞ്ഞു ഒരു ചെറു ചിരിയോടെ മന്ദപ്പന്‍ പടയ്ക്ക് പോവുകയും ചെയ്തു.
യുദ്ധം ജയിച്ചു വന്ന മന്ദപ്പന്‍ തന്റെ പീഠവും ചെറു വിരലും എടുക്കാന്‍ പോയപ്പോള്‍ ഒളിച്ചിരുന്ന കുടകര്‍ ചതിയിലൂടെ മന്ദപ്പനെ തുണ്ടം തുണ്ടമാക്കി അരിഞ്ഞു വീഴ്ത്തി. ഇതറിഞ്ഞ ചെമ്മരത്തിക്ക് സങ്കടം സഹിക്കാനാവാതായി. തന്റെ ശാപ വാക്കുകള്‍ ഫലിച്ചതില്‍ അവള്‍ ഒരു പാടു ദുഖിച്ചു. ഇതിനു പ്രായശ്ചിത്തമെന്നോണം ചെമ്മരത്തി മന്ദപ്പന്റെ ചിതയില്‍ ചാടി ആത്മഹത്യ ചെയ്തു. പടയ്ക്കിറങ്ങുമ്പോള്‍ തന്റെ മച്ചുനനോടു താന്‍ മരിച്ചു വീര സ്വര്‍ഗം പൂകിയാല്‍ താന്‍ വച്ച എല്ലാ വാഴയും അന്ന് തന്നെ കുലയ്ക്കുമെന്നു മന്ദപ്പന്‍ പറഞ്ഞിരുന്നു. അത് പോലെ സംഭാവിക്കുകയും വീരനായ അവനെ ദൈവകരുവായി കണ്ടു കതിവന്നൂര്‍ പടിഞ്ഞാറ്റയില്‍ ആരാധിക്കുകയും ചെയ്തു.
നേരത്തെ ഏറ്റവും മുകളില്‍ പറഞ്ഞ കഥയുടെ ബാക്കി ഭാഗം ഇങ്ങിനെയാണ്.
തിരികെ വീട്ടിലേക്കുള്ള വഴിമധ്യേ തന്റെ പീഠമോതിരവും ചെറു വിരലും പോരിനിടയില്‍ നഷ്ടപ്പെട്ടത് മനസ്സിലാക്കിയ മന്ദപ്പന്‍ അത് വീണ്ടെടുക്കാന്‍ തിരിയേ പോവുകയും ഒളിച്ചിരുന്ന കുടകിലെ പോരാളികള്‍ ചതിയില്‍ മന്ദപ്പനെ വെട്ടിനുറുക്കുകയും ചെയ്തു. മന്ദപ്പനെ കാത്ത ചെമ്മരത്തിക്ക് കഥളി വാഴ കൈയ്യില്‍ പീഠമോതിരവും ചെറു വിരലും വന്നു വീണതാണ് കണ്ടത്.
തന്റെ ഭര്‍ത്താവിനു നേരിട്ട ദുര്യോഗത്തില്‍ വലഞ്ഞ ചെമ്മരത്തി ചിതയില്‍ ചാടി ജീവനൊടുക്കി. അമ്മാവനും മകന്‍ അണ്ണൂക്കനും ശവസംസ്കാരം കഴിഞു മടങ്ങവെ ദൈവക്കരുവായി മാറിയ മന്ദപ്പനെയും ചെമ്മരത്തിയെയും തൊറം കണ്ണാലെ കണ്ടു വെളിപാടുണ്ടായി ഉറഞ്ഞു തുള്ളി. അമ്മാവന്റെ സാന്നിധ്യത്തില്‍ മന്ദപ്പന്റെ കോലം കെട്ടിയാടിച്ചു. അമ്മാവന്‍ അരിയിട്ട് കതിവന്നൂര്‍ വീരന്‍ എന്ന് പേരിട്ടു.
കതിവന്നൂര്‍ വീരന്റെ വെള്ളാട്ടം വീഡിയോ കാണാന്‍:
http://www.youtube.com/watch?v=61rbiR6ooPc
കടപ്പാട്: വെങ്ങര വീഡിയോ
തോറ്റം കാണാന്‍:
http://www.youtube.com/watch?v=_yMY02f9xak
കടപ്പാട്: രാഹുല്‍ ചന്ദ്രന്‍
ആരോഗ്യവാനായ ഭര്‍ത്താവിനെ ലഭിക്കാന്‍ കന്യകമാര്‍ കതിവന്നൂര്‍ വീരനെ ആരാധിക്കാറുണ്ട്. ചടുലമായ പദചലനവും മെയ് വഴക്കവും ഉള്ള ഈ തെയ്യത്തിന് വേണ്ടി തയ്യാറാക്കിയ വാഴപ്പോളകള്‍ കൊണ്ടു പ്രത്യേകം തയ്യാറാക്കിയ ചെമ്മരത്തി തറ ശ്രദ്ദേയമാണ്. അതിനു ചുറ്റുമാണ് ഈ തെയ്യം നൃത്തം വെക്കുക. അത് ചെമ്മരത്തിയാണ് എന്നാണ് വിശ്വാസം. സമചതുരാകൃതിയില്‍ കഴുത്തിനോപ്പം ഉയരത്തില്‍ വാഴപ്പോളകൊണ്ട് ഉണ്ടാക്കുന്ന കമനീയ കലാരൂപമാണ് ചെമ്മരത്തിത്തറ. ഇതേ വാഴപ്പോള ത്തറ തന്നെ കുടകപ്പടയായി സങ്കല്പം ചെയ്തു മന്ദപ്പന്‍ കൈവാള് കൊണ്ട് തുണ്ടം തുണ്ടമായി വെട്ടിയിടുന്നതും അതെ പടയില്‍ മരിച്ച് വീഴുന്ന കാഴ്ചയും കാണികളില്‍ കഥാപരിസമാപ്തി അനുഭവഭേദ്യമാക്കും. നല്ല കളരിപയറ്റ് അഭ്യാസികൂടിയായ കോലക്കാരന്‍ ഈ തെയ്യം കെട്ടിയാടിയാലെ കാണികള്‍ക്ക് ദര്‍ശന സൌഭാഗ്യം ലഭിക്കൂ.
കതിവന്നൂര്‍ വീരന്‍ ഡോക്യുമെന്‍ററി കാണാന്‍:
http://www.youtube.com/watch?v=hChy6ezOsiA
കടപ്പാട്: പ്രിയേഷ് എം.ബി.
ഗുരുക്കള്‍ തെയ്യം:
കോലമന്നന്റെ അനുചരന്മാരാല്‍ ചതിക്കൊല ചെയ്യപ്പെട്ട മഹാമാന്ത്രികനാണ് ഗുരുക്കള്‍ തെയ്യം. കതിവന്നൂര്‍ വീരന്‍ തെയ്യത്തോടോപ്പം കെട്ടിയാടുന്ന തെയ്യമാണ് കുരിക്കള്‍ തെയ്യം. വണ്ണാന്‍മാരാണ് ഈ തെയ്യം കെട്ടിയാടുന്നത്. കൂടാളി നാട്ടിലെ കുഞ്ഞിരാമനെന്ന യോഗിയാണത്രെ ഗുരുക്കള്‍ തെയ്യമായി മാറിയത്. നാട് വാഴും തമ്പുരാന്‍ തന്റെ ബാധയകറ്റാന്‍ ഒരിക്കല്‍ വിളിപ്പിച്ചത് എഴുത്തും മന്ത്രവും യോഗവും പഠിച്ച് നാടാകെ കേളികേട്ട കുഞ്ഞിരാമന്‍ ഗുരുക്കളെ ആയിരുന്നു. തന്റെ ബാധയകറ്റിയ കുഞ്ഞിരാമന് കൈ നിറയെ സ്വര്‍ണ്ണം നല്‍കിയതിനു പുറമേ വിളിക്കാന്‍ നല്ലൊരു സ്ഥാനപ്പേരും നല്‍കുകയുണ്ടായി. എന്നാല്‍ അസൂയാലുക്കള്‍ മറഞ്ഞു നിന്ന് ആ വിലപ്പെട്ട ജീവന്‍ അപഹരിച്ചു. പുഴാതിപ്പറമ്പിന്റെ കന്നിരാശിയില്‍ ഗുരുക്കള്‍ മരിച്ച് വീണു. വിലാപം കേള്‍ക്കാനിട വന്ന കതിവന്നൂര്‍ വീരന്‍ ഗുരുക്കളെ ദൈവക്കരുവാക്കി കൂടെ കൂട്ടി എന്നാണു കഥ. കാമ്പാടി പള്ളിയറ മുമ്പാകെ കയ്യെടുത്ത് ഒരു കൊടിയാക്കിലയും മുതിര്‍ച്ചയും കോലവും കല്‍പ്പിച്ചു കൊടുത്തു.